
ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ തകർത്ത പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ പുനർ നിർമ്മിക്കുന്നുവെന്ന് റിപ്പോർട്ട്. ഇന്ത്യ തകർത്ത ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളുമാണ് പാകിസ്ഥാൻ പുനർനിർമ്മിക്കുന്നത്. പാകിസ്ഥാൻ സർക്കാരിന്റെ പിന്തുണയോടെയാണ് ഭീകര കേന്ദ്രങ്ങൾ പുനർനിർമ്മിക്കുന്നത്. പാക് സൈന്യത്തിന്റെയും പാകിസ്ഥാൻ ചാരസംഘടനയുടെയും സഹായത്തോടെയാണ് പുനർനിർമ്മാണ പ്രവർത്തനങ്ങളെന്നും ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ലുനി, പുട്‌വാള്, ടിപ്പു പോസ്റ്റ്, ജമീൽ പോസ്റ്റ്, ഉമ്രാൻവാലി, ചപ്‌രാർ ഫോർവേഡ്, ഛോട്ടാ ഛക്, ജങ്ക്ലോര എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളാണ് പുനർനിർമിക്കുന്നത്. അതോടൊപ്പം കെൽ, സർദി, ഡുദ്നിയാൽ, അത്‌മുഖാം, ജുര, ലിപ, പച്ചിബാൻ, കഹുത, കോട്‌ലി, ഖുരിയാട്ട, മന്ധർ, നികായിൽ,ചമൻകോട്ട്, ജാൻകോട്ട് എന്നിവിടങ്ങളിലും ഭീകരരുടെ കേന്ദ്രങ്ങൾ നിർമിക്കുന്നുണ്ട്.
തെർമൽ, റഡാർ, ഉപഗ്രഹ നിരീക്ഷണ സംവിധാനങ്ങളിൽപ്പെടാത്ത തരത്തിലുള്ള ആധുനിക സാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തിയാണ് പുതിയ ക്യാംപുകളുടെ നിർമാണമെന്നും ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. നിയന്ത്രണ രേഖയ്ക്കു സമീപം നിബിഡ വനമേഖലയിലാണ് ഇവയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി മേയിൽ പാക്കിസ്ഥാനിലെയും പാക്ക് അധീന കശ്മീരിലെയും ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ, ദ് റസിസ്റ്റൻസ് ഫ്രണ്ട് എന്നിവയുടെ കേന്ദ്രങ്ങൾ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിൽ തകർത്തിരുന്നു.











